ആധാര്‍ നിര്‍ബന്ധമാക്കരുത്; മുന്നറിയിപ്പുമായി വീണ്ടും എഡ്വേര്‍ഡ് സ്‌നോഡന്‍

ആധാര്‍ നിര്‍ബന്ധമാക്കരുത്; മുന്നറിയിപ്പുമായി വീണ്ടും എഡ്വേര്‍ഡ് സ്‌നോഡന്‍


ദില്ലി: ഇന്ത്യയിലെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി വീണ്ടും സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്‌നോഡന്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് 'വിവിധ സേവനങ്ങളിലേക്ക് തികച്ചും അനുയോജ്യമല്ലാത്ത വിധം തയാറാക്കിയ പ്രവേശന കവാടമാണ്' ആധാര്‍ എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ചത്. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും എഡ്വേര്‍ഡ് സ്‌നോഡന്‍ പറഞ്ഞു. ഇന്ത്യന്‍ ചാര സംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ(റോ) മുന്‍ തലവന്‍ കെ.സി.വര്‍മ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്‌നോഡന്‍ തന്റെ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും ആധാറിനു വേണ്ടി നിര്‍ബന്ധബുദ്ധിയോടെ നിലകൊള്ളുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും അല്ലാതെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ട്വീറ്റിനെയും സ്‌നോഡന്‍ വിമര്‍ശിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓഹരി വിവരങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വത്തുവിവരങ്ങള്‍, ആരോഗ്യവിവരങ്ങള്‍, കുടുംബവിവരങ്ങള്‍, മതം, ജാതി, വിദ്യാഭ്യാസം ഇതിനെപ്പറ്റിയൊന്നും ഒരു വിവരവും ഡേറ്റാബേസിലില്ലെന്നും ട്വീറ്റില്‍ യുഐഡിഎഐ പറഞ്ഞിരുന്നു. ആധാറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനുള്ളതെന്ന ഹാഷ്ടാഗോടെയായിരുന്നു വിശദീകരണം.
Rarely do former intel chiefs and I agree, but the head of India's RAW writes is being abused by banks, telcos, and transport not to police entitlements, but as a proxy for identity–an improper gate to service. Such demands must be criminalized. https://thewire.in/215766/indias-severe-case-aadhaaritis/ 


ആധാര്‍ വിവരങ്ങള്‍ ചോരുവാന്‍ എല്ലാ സാധ്യതകളുമുണ്ടെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും, അവ വെറും 500 രൂപയ്ക്ക് ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. പൂര്‍ണ്ണ സുരക്ഷിതമെന്ന് അവകാശപ്പെട്ടിരുന്ന പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും ഓണ്‍ലൈന്‍ വഴി 500 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും 'ദി ട്രിബ്യൂണല്‍' റിപ്പോര്‍ട്ട ചെയ്തത്. കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെന്നും യാതൊരു വിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞത്. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ചും സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്‌നോഡന്‍ രംഗത്തെത്തിയിരുന്നു. ശിക്ഷയല്ല, അവാര്‍ഡാണ് പത്രപ്രവര്‍ത്തക അര്‍ഹിക്കുന്നതെന്ന് സ്‌നോഡന്‍ പ്രതികരിച്ചു.